മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചോദ്യം: 'അത് നിങ്ങള് കൊണ്ടുനടക്ക്' എന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി

 

മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. 'അത് നിങ്ങള് കൊണ്ടുനടക്ക്' എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ മുൻധാരണ അനുസരിച്ച് പുനഃസംഘടന നടക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

നവംബറിലാണ് മന്ത്രിസഭാ പുനഃസംഘടന നടക്കുക. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ എടുക്കുമോ എന്ന ചോദ്യത്തിന് അതെല്ലാം നേരത്തെ തീരുമാനിച്ചതാണെന്നായിരുന്നു മറുപടി. എൽ.ഡി.എഫ് തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും, പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മന്ത്രിസഭ പുനഃസംഘടന ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് ഇപി ജയരാജൻ പറഞ്ഞു. "ഇടതുപക്ഷ മുന്നണിയിൽ ആരും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. ഇതെല്ലാം മാധ്യമ സൃഷ്ടിയാണ്. സർക്കാരിനെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് വാർത്തക്ക് പിന്നിൽ. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നണി മന്ത്രിസഭയെ കുറിച്ച് ധാരണയുണ്ടാക്കിയിട്ടുണ്ട്. അതിനനുസരിച്ച് ഘടകകക്ഷികൾക്ക് വകുപ്പുകൾ നൽകി. എൽ.ജെ.ഡി മന്ത്രി സ്ഥാനം ഉന്നയിക്കുന്നതിൽ തെറ്റില്ല. ചിലരെ പരിഗണിക്കേണ്ടതുണ്ട്. ആലോചിക്കേണ്ട ഘട്ടം എത്തുമ്പോൾ ആലോചിച്ച് തീരുമാനം എടുക്കും"- അദ്ദേഹം വ്യക്തമാക്കി.