ചാല സ്വർണക്കവർച്ചയ്ക്ക് പിന്നിൽ ജ്വല്ലറി ഉടമകളുടെ ക്വട്ടേഷൻ; നാലുലക്ഷം രൂപ അഡ്വാൻസ് നൽകിയെന്ന് പ്രതികളുടെ മൊഴി

 

തിരുവനന്തപുരം ചാലയിലെ സ്വർണക്കവർച്ചയ്ക്ക് ക്വട്ടേഷൻ നൽകിയത് മാളവിക ജ്വല്ലറി ഉടമ ജയറാമെന്ന് പ്രതികളുടെ മൊഴി. കവർച്ചയ്ക്കായി നാലുലക്ഷം രൂപ സംഘത്തിന് കൈമാറിയതിനും പൊലീസിന് തെളിവുകൾ ലഭിച്ചു. നഗരത്തിലെ ആഡംബര ഹോട്ടലിൽവെച്ചാണ് കവർച്ചയുടെ ആസൂത്രണം നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ആറ്റുകാൽ ജ്വല്ലറി ഉടമ അമുലിന് മാത്രമായിരുന്നില്ല നന്ദകുമാറിനോട് പക. നന്ദകുമാറിന്റെ ബിസിനസ് വളർച്ചയിൽ അസൂയ മാളവിക ജ്വല്ലറി ഉടമ ജയറാമിനുമുണ്ടായിരുന്നു. ജയറാമാണ് ഒരു ദിവസം സ്വന്തം ഷോപ്പിൽ വെച്ച് നന്ദകുമാറിന്റെ ബിസിനസ് തകർക്കുന്നതിനെക്കുറിച്ച് ആദ്യം പറയുന്നത്. പിന്നീട് കൃത്യമായ ആസൂത്രണത്തിലൂടെ കവർച്ച നടത്താൻ പ്രതികൾ തീരുമാനിക്കുകയായിരുന്നു. ഇതിനായി ജയറാമും അമുലും അനൂപും ദിലീപും തിരുവനന്തപുരത്തെ ഒരു ആഡംബര ഹോട്ടലിൽ ഒത്തുചേർന്നു. പദ്ധതിയും തയ്യാറാക്കി. കവർച്ച നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഇതിനായി ട്രയലും നടത്തിയിരുന്നു.

അനിലും അനൂപും ചേർന്നാണ് ബൈക്കിലെത്തി സ്വർണം കവർന്നത്. കൃത്യത്തിനായി നാലുലക്ഷം രൂപ മുൻകൂറായി നൽകിയെന്നും ബാക്കി തുക കവർച്ചയ്ക്ക് ശേഷം നൽകാമെന്ന് ഉറപ്പുനൽകിയെന്നുമാണ് മൊഴി. അനിലും അനൂപും പിടിയിലായാലും അന്വേഷണം തന്നിലേക്ക് എത്തില്ലെന്നായിരുന്നു ജയറാമിന്റെ കണക്കുകൂട്ടലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ അമുൽ അറസ്റ്റിലായതോടെ അന്വേഷണം ജയറാമിലേക്കും നീളുകയായിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കവർച്ചയ്ക്ക് പിന്നിലെ ഗൂഢാലോചനയിലും മറ്റുള്ളവരുടെ പങ്കിലും കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.