ആർ ശ്രീലേഖ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് രാജിവെക്കാനായി തീരുമാനിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ. ശ്രീലേഖ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കൗൺസിലർ എന്ന നിലയിലെ ജോലിഭാരം നിർവഹിക്കാൻ ആരോഗ്യസ്ഥിതി അനുവദിക്കുമോ എന്ന ആശങ്കയിലാണ് ശ്രീലേഖ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.ശ്രീലേഖയെക്കുറിച്ച് വലിയ മതിപ്പാണുള്ളതെന്നും കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് അവരെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പാർട്ടിയിൽ ഉയർന്ന പദവിയും ശ്രീലേഖയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാന സർക്കാരിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉയർത്തി. റേഞ്ച് റോവർ ഓടിക്കുന്ന മന്ത്രിയും സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യുന്ന മുഖ്യമന്ത്രിയും, പവർകട്ടും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. യുഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തെയും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാ സ്ഥാപനമാണെന്നും അതിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ രാജ്യത്ത് സംവിധാനങ്ങളുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇടതുപക്ഷവും കോൺഗ്രസും ഒരുമിച്ച് പ്രതിഷേധിക്കുന്നതിലൂടെ ഇരുകൂട്ടരും തമ്മിലുള്ള ''ഡീൽ'' വ്യക്തമാകുകയാണെന്നും അദ്ദേഹം ആരോപിച്ചു.