ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ; ചടങ്ങിന് ഹൈക്കോടതി അനുമതി
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ സെൻട്രൽ ജയിലിൽ നടത്താൻ ഹൈക്കോടതി അനുമതി . നാളെ രാവിലെ 11 മണിക്ക് ജയിൽ സൂപ്രണ്ട് ഓഫീസിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താമെന്നാണ് കോടതി നിർദേശം. ഇതുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. അക്രഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകർക്ക് ചടങ്ങിൽ പങ്കെടുക്കാനും കോടതി അനുമതി നൽകി.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞ ജയിലിൽ നടക്കുന്നത്. ജയിലിൽ വെച്ച് സത്യപ്രതിജ്ഞ നടത്തുന്നതിന് നിയമപരമായ വിലക്കില്ലെന്നും, നിലവിലുള്ള സാഹചര്യം അസാധാരണമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തനിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്.എന്നാൽ സുഗതനെ സത്യപ്രതിജ്ഞയ്ക്കായി വിട്ടയക്കുന്നതിനെ സർക്കാർ എതിർത്തിരുന്നു. സുഗതന്‍ കരുതല്‍ തടങ്കലിലാണെന്നും ഭരണഘടനാ പ്രകാരം കരുതല്‍ തടങ്കലില്‍ ഉള്ളവരെ പുറത്തുവിടാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി. ജയിലില്‍ സത്യപ്രതിജ്ഞ നടത്താനുള്ള സൗകര്യം ഒരുക്കാം എന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു