ആർ. സുഗതന്റെ പുനഃസത്യപ്രതിജ്ഞ; ജയിലിൽ സൗകര്യമൊരുക്കാമെന്ന് സർക്കാർ, ഹൈക്കോടതി ഉത്തരവ് ഇന്ന്
കാപ്പാ കേസ് പ്രതിയായ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് പുനഃസത്യപ്രതിജ്ഞ നടത്താൻ ജയിലിൽ സൗകര്യമൊരുക്കാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അസാധാരണ സാഹചര്യമെന്ന് വിലയിരുത്തിയ കോടതി ഇക്കാര്യത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉത്തരവ് പുറപ്പെടുവിക്കും.ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കാപ്പാ കേസിലെ പ്രതിക്ക് സ്വന്തം ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ലെന്ന സാഹചര്യത്തിലാണ് ജയിലിൽ തന്നെ സത്യപ്രതിജ്ഞ നടത്താനുള്ള സാധ്യത സർക്കാർ കോടതിയെ അറിയിച്ചത്.
സുഗതൻ ഇല്ലെങ്കിൽ ഭരണം പോകുമോ എന്ന് കോടതി ചോദിച്ചു. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനാണ് ഉത്തരവ് പുറപ്പെടുവിച്ചത് എന്ന് കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു. സത്യപ്രതിജ്ഞ അസാധുവാക്കിയ കോടതി വിധി പല ഓൺലൈൻ മാധ്യമങ്ങളും വളച്ചൊടിച്ചുവെന്ന് കോടതി വിമർശിച്ചു. എന്നാൽ അത് ആരും ഏറ്റെടുത്തില്ലെന്നും അത് നല്ല കാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു.
ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ് വാർഡ് 20 ലെ കൗൺസിലറായ സുഗതൻ. നേരത്തെ നെടുമങ്ങാട് കോടതി രണ്ട് കേസുകളിൽ സുഗതന് ഇടക്കാല ജാമ്യം നൽകിയിരുന്നു. എന്നാൽ കാപ്പാ കേസിൽ നിന്ന് ജയിൽ മോചിതനായാൽ മാത്രമേ ഇടക്കാല ജാമ്യം ബാധകമാകു എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജയിൽ മോചനം തേടി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ ചുമതി നാടുകടത്തപ്പെട്ട ആ സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.