വർഗ്ഗീയ പരാമർശം, സൈബർ ആക്രമണം; നടൻ ടിനി ടോമിനെതിരെ പോലീസിൽ പരാതി നൽകി നടി അൻസിബ
നടൻ ടിനി ടോം തനിക്കെതിരെ തുടർച്ചയായി സൈബർ ആക്രമണം നടത്തുന്നുവെന്നും വർഗ്ഗീയ പരാമർശങ്ങളിലൂടെ കുടുംബത്തെ ഉൾപ്പെടെ വേട്ടയാടുകയാണെന്നും ആരോപിച്ചാണ് നടി അൻസിബ ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് നടി ഔദ്യോഗികമായി ഈ പരാതി സമർപ്പിച്ചത്. ടിനി ടോമിന് പുറമെ നടിയും 'അമ്മ' വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ എസ്.ഐ. വി.ആർ. രേഷ്മ എന്നിവർക്കെതിരെയും അൻസിബ പരാതികൾ നൽകിയിട്ടുണ്ട്. സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യിൽ താൻ ഉന്നയിച്ച ചില അഭിപ്രായങ്ങൾ ടിനി ടോമിന് അംഗീകരിക്കാൻ സാധിച്ചിരുന്നില്ലെന്നും, ഇതിന് പിന്നാലെയാണ് തന്നെ വ്യക്തിപരമായി വേട്ടയാടുന്ന സമീപനം നടൻ തുടങ്ങിയതെന്നുമാണ് അൻസിബ ആരോപിക്കുന്നത്. തന്റെ ഡ്രൈവറെ മതം മാറ്റാൻ അൻസിബ ശ്രമിച്ചുവെന്നായിരുന്നു ടിനി ടോം ആദ്യം ഉന്നയിച്ച ആരോപണം.
തുടർന്ന്, ഇൻഡസ്ട്രിയിലെ മറ്റ് സഹപ്രവർത്തകരെക്കൂടി കൂട്ടുപിടിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ തനിക്കും കുടുംബത്തിനുമെതിരെ ടിനി ടോം കടുത്ത സൈബർ ആക്രമണം നടത്തുകയാണെന്ന് അൻസിബ പരാതിയിൽ വ്യക്തമാക്കുന്നു. ടിനി ടോം തന്നെ 'ജിഹാദി' എന്ന് വിളിച്ചതായും മതപരിവർത്തനം, അവിഹിതബന്ധം തുടങ്ങിയ വ്യാജ ആരോപണങ്ങൾ സംഘടനയ്ക്കുള്ളിലും പുറത്തും പ്രചരിപ്പിച്ചതായും അൻസിബ വെളിപ്പെടുത്തിയതോടെയാണ് വിവാദം ശക്തമായത്. ടിനി ടോമും അൻസിബയും ഒന്നിച്ച് അഭിനയിച്ച ഒരു സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു രാജീവ് കുടപ്പനക്കുന്ന്. ഇദ്ദേഹത്തിന്റെ മകനെ അൻസിബ മതമാറ്റാൻ ശ്രമിച്ചുവെന്നായിരുന്നു ടിനി ടോം പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഈ പ്രചാരണം പൂർണ്ണമായും വ്യാജമാണെന്ന് വ്യക്തമാക്കി പ്രൊഡക്ഷൻ കൺട്രോളർ രാജീവും മകനും തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു. ടിനി ടോം ഒരു സാമൂഹിക വിപത്താണെന്നും, കേരളം പോലുള്ള ഒരു മതനിരപേക്ഷ സമൂഹത്തോടാണ് അദ്ദേഹം തെറ്റ് ചെയ്തതെന്നും അൻസിബ കഴിഞ്ഞ ദിവസം കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു.
ടിനി ടോമിന് പുറമെ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെയും അൻസിബ മുൻപ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. നടി ലക്ഷ്മിപ്രിയ നൽകിയ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ ഹിൽപ്പാലസ് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് വനിതാ എസ്.ഐ. വി.ആർ. രേഷ്മയ്‌ക്കെതിരെയുള്ള അൻസിബയുടെ പരാതി. മുഖ്യമന്ത്രിക്ക് നൽകിയ ഈ പരാതി, ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി അദ്ദേഹം സംസ്ഥാന ഡി.ജി.പിക്ക് (DGP) കൈമാറിയിരിക്കുകയാണ്.