തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; നിയമ പോരാട്ടത്തിന് ഒരുങ്ങി തമിഴ്നാട് ; എസ്‌ഐആർ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട്
സുപ്രീം കോടതിയിൽ ഹർജി നൽകും
രാജ്യത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി തമിഴ്നാട് . എസ്‌ഐആർ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സുപ്രീം കോടതിയിൽ ഹർജി നൽകും. ഇതുമായി ബന്ധപ്പെട്ട സർവകക്ഷി യോഗത്തിലാണ് തീരുമാനം. 2026ലെ നിയമസഭ തിരഞ്ഞെടുപ്പിനുശേഷം എസ്‌ഐആർ നടത്താമെന്നാണ് തമിഴ്‌നാടിന്റെ നിലപാട് .
തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിനായി പ്രവർത്തിക്കുകയാണെന്നും തമിഴ്നാട് ആരോപിച്ചു. സർവകക്ഷി യോഗത്തിൽ 49 പാർട്ടികൾ പങ്കെടുത്തു. യോഗത്തിൽ എസ്‌ഐആറിനെതിരായ പ്രമേയം പാസാക്കി. ബിജെപി, എഐഎഡിഎംകെ പാർട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ടിവികെ, എൻടികെ, എഎംഎംകെ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തില്ല
അതേസമയം,എസ്‌ഐആറിന് എതിരെ കേരളം നേരത്തെ പ്രമേയം പാസാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിൽ എസ്‌ഐആർ നടപ്പാക്കരുതെന്ന് സംസ്ഥാന സർക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിയാണ് രണ്ടാംഘട്ടത്തിൽ എസ്‌ഐആർ നടപ്പാക്കുന്ന 12 സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളത്തെയും ഉൾപ്പെടുത്തിയത്. 2026ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്