രാഹുൽ ഗാന്ധി അടക്കമുള്ളവർ പുറത്ത്; വേദിയിൽ കാബിനറ്റ് മാത്രം മതിയെന്ന് ഗവർണർ

 

കേരളത്തിൽ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോൾ കർശനമാക്കി രാജ്ഭവൻ. തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവർക്കും പുറമെ മറ്റ് രാഷ്ട്രീയ നേതാക്കൾക്ക് വേദിയിൽ പ്രവേശനമില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വ്യക്തമാക്കി. ഇക്കാര്യം വീഴ്ചയില്ലാതെ ഉറപ്പുവരുത്താൻ ചീഫ് സെക്രട്ടറിക്ക് അദ്ദേഹം ഔദ്യോഗികമായി നിർദേശവും നൽകിയിട്ടുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയും പുതിയ കാബിനറ്റ് അംഗങ്ങളും മാത്രമേ ഔദ്യോഗികമായി വേദിയിലുണ്ടാകാവൂ എന്നാണ് നിലവിലെ സുരക്ഷാ-ഭരണഘടനാ പ്രോട്ടോക്കോൾ വ്യക്തമാക്കുന്നത്. അടുത്തിടെ തമിഴ്നാട്ടിൽ നടന്ന വിജയ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴക വെട്രി കഴകത്തിന്റെ സഖ്യകക്ഷി നേതാക്കളായ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് വേദിയിൽ പ്രത്യേക ഇരിപ്പിടം നൽകിയിരുന്നു. ഇത് വലിയ വാർത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു.

എന്നാൽ, കേരളത്തിലെ പുതിയ സുരക്ഷാ ക്രമീകരണങ്ങളുടെയും പ്രോട്ടോക്കോളിന്റെയും പശ്ചാത്തലത്തിൽ കോൺഗ്രസ് ദേശീയ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ അടക്കമുള്ള പ്രമുഖർക്ക് ഇത്തവണ വി.ഐ.പി സദസ്സിലായിരിക്കും ഇരിപ്പിടം ഒരുക്കുക. ഗവർണറുടെ കർശന നിർദ്ദേശത്തെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചടങ്ങിന്റെ വേദിയിലെ ഇരിപ്പിട ക്രമീകരണങ്ങൾ അടിയന്തരമായി പുനഃക്രമീകരിച്ചിട്ടുണ്ട്.