മൂന്നുദിവസം കൂടി മഴ തുടരാൻ സാധ്യത; സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് മൂന്നുദിവസം കൂടി മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇത് ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി വടക്കൻ തമിഴ്നാട് പുതുച്ചേരി,തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേയ്ക്ക് നീങ്ങാൻ സാധ്യതുണ്ടെന്നും കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ/ഇടത്തരം മഴ പെയ്‌തേക്കുമെന്നും കാലാവസ്ഥാവകുപ്പ് വ്യക്തമാക്കി.കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.