ഇന്നും നാളെയും മഴ മുന്നറിയിപ്പ്

 

സംസ്ഥാനത്ത് ഇന്നും നാളെയും മഴ മുന്നറിയിപ്പ്.മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും 19ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

അതേസമയം, കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തീരപ്രദേശങ്ങളിൽ ജാഗ്രത നിർദേശം തുടരുകയാണ്.തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ചില തീരങ്ങളിൽ 16ന് രാത്രി 11.30 വരെ 0.7 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.