മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു: ഇടുക്കിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു
കനത്ത മഴയ്ക്ക് ശമനമായതോടെ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പിൻവലിച്ചു.മഴ ശക്തമായതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി വിലക്കിയിരുന്നു. കാലാവസ്ഥാ വകുപ്പ് ഇടുക്കിയിൽ പ്രഖ്യാപിച്ചിരുന്ന ചുവപ്പ്, ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പുകൾ പിൻവലിച്ചതോടെയാണ് വിനോദസഞ്ചാരികൾക്ക് വീണ്ടും പ്രവേശനം അനുവദിച്ചത്.
അതേസമയം, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 12ഓടെ ഇത് ന്യൂനമർദമായി ശക്തിപ്രാപിച്ചേക്കുമെന്നാണ് പ്രവചനം.ഇതിന്റെ സ്വാധീനഫലമായി ഓഗസ്റ്റ് 14 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.നിലവിൽ നിയന്ത്രണങ്ങൾ നീക്കിയെങ്കിലും കാലാവസ്ഥാ സാഹചര്യം മാറുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.