സംസ്ഥാനത്ത് മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; പകർച്ചവ്യാധി ഭീതിയിൽ ആലപ്പുഴ
സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള മഴ ശക്തമായി തുടരുന്നു. ഇന്ന് കേരളത്തിലെ നാല് പ്രമുഖ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. മേയ് 21 വരെ സംസ്ഥാനത്തുടനീളം പരക്കെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം കനത്ത ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അമീബിക് മസ്തിഷ്കജ്വരവും എച്ച്1എൻ1ഉം; പകർച്ചവ്യാധി പിടിയിൽ ആലപ്പുഴ
മഴ കനത്തതോടെ ആലപ്പുഴ ജില്ല കടുത്ത പകർച്ചവ്യാധി ഭീഷണിയിലാണ്. അപൂർവ്വവും മാരകവുമായ അമീബിക് മസ്തിഷ്കജ്വരം (Amoebic Meningoencephalitis) മുതൽ എലിപ്പനിയും എച്ച്1എൻ1 (H1N1) പനിയും വരെ ജില്ലയിൽ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി അമ്പലപ്പുഴ പുറക്കാട് സ്വദേശിയായ ഒരാൾക്കാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്. ഈ സീസണിൽ ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് രണ്ട് പേർ മരണപ്പെടുകയും അഞ്ച് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഒരാൾ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്.
ഇതിന് പുറമെ ചേർത്തല, തണ്ണീർമുക്കം, കഞ്ഞിക്കുഴി തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ജപ്പാൻ ജ്വരവും (Japanese Encephalitis), വെസ്റ്റ് നൈൽ പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ മലമ്പനി (Malaria) റിപ്പോർട്ട് ചെയ്തതും ആശങ്ക വർദ്ധിപ്പിക്കുന്നു. വയറിളക്ക രോഗങ്ങളും സാധാരണ വൈറൽ പനിയും ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. എലിപ്പനി, ഡെങ്കിപ്പനി ലക്ഷണങ്ങളോടെ നിരവധി പേർ നിലവിൽ ചികിത്സയിലാണ്.
മഴക്കാലപൂർവ്വ ശുചീകരണം യുദ്ധകാലാടിസ്ഥാനത്തിൽ
രോഗവ്യാപനം തടയുന്നതിനായി ജില്ലയിലെ എല്ലാ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾക്കും അടിയന്തിര ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. കൊതുക് നശീകരണത്തിനായുള്ള ഫോാഗിംഗും ഉറവിട നശീകരണ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ എലിപ്പനിക്കെതിരെയുള്ള ഡോക്സിസൈക്ലിൻ ഗുളികകൾ നിർബന്ധമായും കഴിക്കണമെന്നും ആരോഗ്യ അധികൃതർ നിർദ്ദേശിച്ചു.