സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

 

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ്.

വടക്കൻ ബംഗാൾ ഉൾക്കടലിലും സമീപ പ്രദേശങ്ങളിലും ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 14 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 11, 12 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.