‘രാജേഷ് യഥാർഥ ഹീറോ, ധീരതയ്ക്ക് സല്യൂട്ട്’; രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ ആർ. രാജേഷിന് ഹൈക്കോടതിയുടെ ആദരം
Aug 7, 2026, 20:42 IST
കണ്ണൂരിൽ മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ തിരുവനന്തപുരം സ്വദേശി ആർ. രാജേഷിന്റെ ധീരതയ്ക്ക് ആദരമർപ്പിച്ച് ഹൈക്കോടതി. രാജേഷ് യഥാർത്ഥ ഹീറോയാണെന്നും, അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തതും സ്നേഹത്തിന്റെ പരമോന്നത മാതൃകയുമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. സ്വന്തം ജീവൻ ത്യജിച്ച് മാതൃകയായ രാജേഷിന്റെ കുടുംബത്തിനൊപ്പം സർക്കാർ ഉറച്ചുനിൽക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 1-നായിരുന്നു നാടിനെ നൊമ്പരപ്പെടുത്തിയ ഈ സംഭവം. പുളിങ്ങോം മീന്തുള്ളിയിൽ പ്രളയജലത്തിൽ അകപ്പെട്ട 61-കാരനായ ബെന്നിയെ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകിയ ശേഷമാണ് 36-കാരനായ രാജേഷ് ഒഴുക്കിൽപ്പെട്ടത്. റാപ്പലിങ് ഇൻസ്ട്രക്ടറായിരുന്ന തിരുവനന്തപുരം നേമം കല്ലിയൂർ സ്വദേശിയാണ് മരണപ്പെട്ട ആർ. രാജേഷ്.