ഡേറ്റ ചോർച്ച വിവാദത്തിൽ കത്ത് പുറത്തുവിട്ട് രമേശ് ചെന്നിത്തല
ഡേറ്റ ചോർച്ചയിൽ, സ്പാർക്കിൽ നിന്ന് ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ സ്‌പെഷൽ ഡ്യൂട്ടി ഓഫിസറെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. കെ.സ്മാർട് ആപ്പിൽ നിന്ന് സമ്പൂർണവിവരങ്ങൾ പി.ആർ.ഡി.ക്ക് കൈമാറണമെന്ന് സ്‌പെഷൽ ഡ്യൂട്ടി ഓഫിസർ ആവശ്യപ്പെടുന്ന കത്തും അദ്ദേഹം പുറത്തുവിട്ടു. വ്യക്തിവിവരങ്ങൾ ശേഖരിക്കുകയാണെന്നത് കത്തിൽ വ്യക്തമെന്നും ചെന്നിത്തല. ഗുരുതര ഡേറ്റ ചോർച്ച നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരമെന്നും ചെന്നിത്തല ആരോപിച്ചു. പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കേണ്ട സാഹചര്യമെന്നും ചെന്നിത്തല പറഞ്ഞു.
2026 ഫെബ്രുവരി മാസത്തിന് മുൻപ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകണമെന്ന് അറിയിച്ചാണ് കത്ത് അയച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ ഡാറ്റ ചോർത്തൽ. സുപ്രീം കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണിത് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഹൈക്കോടതി ജഡ്ജിമാർക്കുവരെ മെസേജുകൾ എത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ പി.ആർ.ഡിയും സ്പാർക്കിന് മേൽനോട്ടം വഹിക്കുന്ന ഐ.ടി വകുപ്പും മുഖ്യമന്ത്രിയ്ക്ക് കീഴിലാണെന്നിരിക്കെ ഈ നടപടിയെ ചോർത്തൽ എന്ന് വിശേഷിപ്പിക്കുന്നതിന്റെ യുക്തിയാണ് ഭരണപക്ഷം ചോദ്യം ചെയ്യുന്നത്. ഒരു മന്ത്രിയുടെ കീഴിലുള്ള വകുപ്പുകൾക്കിടയിൽ നടന്ന കത്തിടപാട് ചൂണ്ടിക്കാട്ടി ദുരൂഹത ആരോപിക്കുന്നതിനെയും ഭരണപക്ഷം വിമർശിച്ചു. ഡേറ്റ പി.ആർ.ഡിയോ മുഖ്യമന്ത്രിയുടെ ഓഫീസോ വാങ്ങിയിട്ടില്ല എന്ന വസ്തുത രമേശ് ചെന്നിത്തല മറച്ചുവെയ്ക്കുകയാണ്. സത്യത്തിൽ മുഖ്യമന്ത്രിയുടെ സന്ദേശം ഐ.ടി വകുപ്പിന് കൈമാറി അയയ്പ്പിക്കുകയായിരുന്നു. ഇക്കാര്യം ഇന്നലെ സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയതുമാണ്.