പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ്; പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ തൻ്റെ അഡീഷണൽ പിഎ ആക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്

 

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്‌പെൻഡ് ചെയ്ത പാളയം പ്രദീപിനെ തന്റെ അഡീഷണൽ പിഎ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭ സെക്രട്ടറിയുടെ ഓഫീസിൽ കത്ത് നൽകി. ഇന്ന് സമർപ്പിച്ച കത്തിൽ 2026 മേയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നാണ് ആവശ്യം. മേയ് 21 മുതൽ പാളയം പ്രദീപ് തൻ്റെ കൂടെയുണ്ടെന്നാണ് ഇതിന് വിശദീകരണമായി പറഞ്ഞിരിക്കുന്നത്. കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് നിലനിൽക്കെയാണ് പ്രദീപിനായി രമ്യ വീണ്ടും കത്ത് നൽകിയത്.നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സ്പീക്കറുടെ ഓഫീസിലാണ് രമ്യ കത്ത് നൽകിയത്. എന്നാൽ നിയമനം സംബന്ധിച്ച കത്ത് നിയമസഭാ സെക്രട്ടറിക്കാണ് നൽകേണ്ടതെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചതിനെ തുടർന്നാണ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ പുതിയ കത്ത് നൽകിയത്.