രഞ്ജിത്ത് കുറ്റക്കാരൻ ; ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം സമർപ്പിച്ചു
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.രഞ്ജിത് കുറ്റക്കാരനാണെന്നും, ഇയാൾക്കെതിരെ തെളിവുകൾ ഉണ്ടെന്നുമാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ.കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.ഓൺലൈനായാണ് കുറ്റപത്രം സമർപ്പിച്ചത്.
യുവ നടിയുടെ പരാതിയിൽ മാർച്ച് 31നാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടര മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് കുറ്റപത്രം തയ്യാറാക്കിയത്.സിനിമാ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു നടിയുടെ പരാതി. രഞ്ജിത്ത് പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. മാനഭംഗം, ലൈംഗികാതിക്രമം, തടഞ്ഞുവയ്ക്കൽ, അശ്ലീല ആംഗ്യം കാണിക്കൽ എന്നീ നാലു വകുപ്പുകൾ ചേർത്താണ് കേസ് റജിസ്റ്റർ ചെയ്തത്. സിനിമയുടെ സെറ്റിൽ തന്നെയുള്ള ആഭ്യന്തര സമിതിയുടെ മുമ്പാകെ പരാതി നൽകിയെങ്കിലും ഇവിടെ തീരുമാനമാകാതെ വന്നതോടെ യുവനടി ഡിജിപിക്കും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച എസ്‌ഐടിക്കും പരാതി നൽകുകയായിരുന്നു.
നേരത്തേ രഞ്ജിത്തിനെതിരെ രണ്ട് പീഡന പരാതികൾ ഉയർന്നിരുന്നു. 'പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ബംഗാളി നടിയോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആദ്യ പരാതി. 2009ൽ നടന്ന സംഭവത്തിൽ കേസെടുക്കുന്നതിന് മജിസ്‌ട്രേട്ട് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നു. തന്നെ ബെംഗളുരുവിൽ വച്ച് പീഡിപ്പിച്ചുവെന്നു കാട്ടി കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയായിരുന്നു രണ്ടാമത്തെ കേസ്. ഈ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു.