റാന്നി മോർഫിങ് കേസ്: യുവാവിനെതിരെ കൂടുതല്‍ പരാതികള്‍; യുവാവിന്റെ ലാപ്‌ടോപ്പിൽ തന്റെയും മകളുടെയും ചിത്രങ്ങളുണ്ടെന്ന് വീട്ടമ്മ
പത്തനംതിട്ട റാന്നിയിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്‌നദൃശ്യങ്ങൾ തയ്യാറാക്കിയ യുവാവിനെതിരെ വീണ്ടും പരാതി. പ്രതിയുടെ ലാപ്‌ടോപ്പിൽ തന്റെയും മകളുടെയും ചിത്രങ്ങളുണ്ടെന്ന് ആരോപിച്ച് വീട്ടമ്മ റാന്നി പോലീസിൽ പരാതി നൽകി. ചിത്രങ്ങൾ ദുരുപയോഗം ചെയ്യുമോ എന്ന ആശങ്കയുണ്ടെന്നും വീട്ടമ്മ പറഞ്ഞു.
മോർഫിങ് കേസിൽ പരാതി നൽകാനെത്തിയവരാണ് ലാപ്‌ടോപ്പിൽ വീട്ടമ്മയുടെയും മകളുടെയും ചിത്രങ്ങൾ കണ്ടതായി വിവരം നൽകിയത്. ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്നിനാണ് രണ്ട് സ്ത്രീകൾ പോലീസിൽ പരാതി നൽകിയത്. നാലാം തീയതി പ്രതിയായ യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. ഈ സമയം ആദ്യം പരാതി നല്‍കിയവര്‍ സ്റ്റേഷനിലുണ്ടായിരുന്നു. ഇവരാണ് നാട്ടുകാരായ യുവതിയുടെയും മകളുടെയും ചിത്രങ്ങള്‍ ലാപ്‌ടോപ്പിലുണ്ടെന്നത് ശ്രദ്ധിച്ചത്. പരാതിക്കാരോട് പൊലീസുകാര്‍ ചിത്രത്തിലുള്ളവരെ കുറിച്ച് ചോദിക്കുകയും പരിചയക്കാരാണെന്ന് അവര്‍ പൊലീസിന് മറുപടി നൽകുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യം ചിത്രത്തിലുണ്ടായിരുന്ന തന്നെ അറിയിച്ചിട്ടില്ലെന്ന് വീട്ടമ്മ പറയുന്നു.
എന്നാൽ യുവാവിന്റെ ലാപ്‌ടോപ്പും ഫോണും വിശദമായി പരിശോധിച്ചതില്‍ പരാതിയില്‍ പറഞ്ഞത് പോലെ നഗ്നദൃശ്യങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഉപകരണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.