പുനലൂർ ആശുപത്രിയിലെ സ്വീകരണം; രോഗികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ആരോഗ്യമന്ത്രിയുടെ നിലപാട് തേടി ഡിവൈഎഫ്‌ഐ

 

പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ ആരോഗ്യമന്ത്രി കെ. മുരളീധരന് നൽകിയ സ്വീകരണത്തിൽ രോഗികൾക്കുണ്ടായ ബുദ്ധിമുട്ടിൽ മന്ത്രി നിലപാട് വ്യക്തമാക്കണമെമെന്ന് ഡിവൈഎഫ്‌ഐ.ഡിവൈഎഫ്‌ഐ പൊതിച്ചോർ നൽകുന്നതിനെതിരെ വിമർശനം ഉന്നയിച്ച കെ. മുരളീധരൻ, സ്വന്തം അനുയായികളെ കൊണ്ട് ആശുപത്രിക്കുള്ളിൽ മുദ്രാവാക്യം വിളിപ്പിച്ച് സ്വീകരണം ഏറ്റുവാങ്ങിയെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. രോഗികൾക്കിടയിൽ മുദ്രാവാക്യം മുഴക്കിയത് മന്ത്രിയുടെ അല്പത്തരമാണെന്നും സംഘടന വിമർശിച്ചു.

ആരോഗ്യരംഗത്തെ കേരള മോഡലിനെ ട്രോൾ മെറ്റീരിയലാക്കുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു പറഞ്ഞു.ആശുപത്രികളിൽ കൊടിയുമായി രാഷ്ട്രീയ പ്രചാരണം പാടില്ലെന്ന് മന്ത്രി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും, എന്നാൽ അതേ മന്ത്രി തന്നെ ആശുപത്രിയിലെ രാഷ്ട്രീയ സ്വീകരണം ഏറ്റുവാങ്ങിയെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി.