ഗുരുവായൂരിൽ റെക്കോർഡ് കല്യാണത്തിരക്ക്; ഇന്ന് നടന്നത് 420 വിവാഹങ്ങൾ
ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും വിവാഹങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് 420 വിവാഹങ്ങളാണ് ക്ഷേത്ര സന്നിധിയിൽ നടന്നത്. കഴിഞ്ഞ ഓഗസ്റ്റ് 23-ന് നടന്ന 416 വിവാഹങ്ങളെന്ന നിലവിലെ റെക്കോർഡാണ് ഞായറാഴ്ച വഴിമാറിയത്. രാവിലെ നാല് മണി മുതൽ 8.45 വരെയുള്ള സമയത്താണ് ഏറ്റവും കൂടുതൽ താലിചാർത്തൽ ചടങ്ങുകൾ നടന്നത്.
വിപുലമായ മുൻകരുതലുകളും മികച്ച ആസൂത്രണവുമാണ് ഇത്രയധികം വിവാഹങ്ങൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ സഹായിച്ചതെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. തിരക്ക് ഒഴിവാക്കാൻ നിലവിലെ അഞ്ച് മണ്ഡപങ്ങൾക്ക് പുറമെ കൂടുതൽ മണ്ഡപങ്ങൾ സജ്ജീകരിച്ചിരുന്നു. ക്രമസമാധാന പാലനത്തിനായി പോലീസിന് പുറമേ അഗ്നിരക്ഷാസേന, ആംബുലൻസ് സൗകര്യങ്ങളും ക്ഷേത്രപരിസരത്ത് ഉറപ്പാക്കി.
തിരക്ക് നിയന്ത്രണവിധേയമാക്കാൻ ഒരു വിവാഹസംഘത്തോടൊപ്പം പരമാവധി 25 പേർക്ക് മാത്രമാണ് പ്രവേശനം നൽകിയത്. ക്യൂവിൽ നിൽക്കുന്നവർക്ക് കൃത്യമായ സമയം ക്രമീകരിച്ച് നൽകി ചുരുങ്ങിയ മിനിറ്റുകൾക്കുള്ളിൽ ചടങ്ങുകൾ പൂർത്തിയാക്കാൻ സൗകര്യമൊരുക്കിയിരുന്നു.