കേരള തീരത്ത് റെഡ് അലർട്ട്: ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; സൈറണുകൾ മുഴങ്ങി

 

കേരളത്തിലെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ശക്തമായ തിരമാലകൾക്കും സാധ്യതയുള്ളതിനാൽ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ തീരമേഖലകളിൽ 'കവചം' സംവിധാനത്തിന്റെ സൈറണുകൾ ചൊവ്വാഴ്ച രാത്രി 9.15-ന് മുഴങ്ങി.

ഓഗസ്റ്റ് 18 അർധരാത്രി മുതൽ ഓഗസ്റ്റ് 20 വ്യാഴാഴ്ച വൈകുന്നേരം 5.30 വരെ തീരത്ത് 1.1 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കാണ് സാധ്യത. താഴ്ന്ന തീരദേശ മേഖലകളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയുള്ള എല്ലാ തീരങ്ങളിലും പ്രത്യേക ജാഗ്രത നിർദേശമുണ്ട്. തമിഴ്നാട്, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ ഉള്ളവർ മാറിത്താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലിറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണം. ഹാർബറുകളിൽ യാനങ്ങൾ സുരക്ഷിതമായി കെട്ടിയിടണം. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ച് ടൂറിസം ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാര പ്രവർത്തനങ്ങളും പൂർണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു.