കേരളത്തിൽ റിലയൻസ് ജിയോയ്ക്ക് മുന്നേറ്റം; വരുമാനത്തിലും ഉപഭോക്തൃ വളർച്ചയിലും ഒന്നാം സ്ഥാനം

 

കേരള ടെലികോം വിപണിയിൽ ശക്തമായ മുന്നേറ്റവുമായി റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ 2025-26ലെ കണക്കുകൾ പ്രകാരം വരുമാനത്തിലും ഉപഭോക്തൃ വളർച്ചയിലും ജിയോ മുൻപന്തിയിലാണ്.

അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (AGR) വിപണി വിഹിതത്തിൽ ജിയോ 32.8 ശതമാനം നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. നാലാം പാദത്തിൽ കമ്പനിയുടെ AGR 868.16 കോടിയായി ഉയർന്നു. കഴിഞ്ഞ വർഷം സമാന കാലയളവിൽ ഇത് 796.59 കോടിയായിരുന്നു.

ഉപഭോക്തൃ അടിസ്ഥാനത്തിലും ജിയോയ്ക്ക് വലിയ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 5 ലക്ഷത്തിലധികം പുതിയ വരിക്കാരെയാണ് കമ്പനി സ്വന്തമാക്കിയത്. ഇതിൽ 3.53 ലക്ഷം മൊബൈൽ ഉപഭോക്താക്കളും 1.51 ലക്ഷം ഫൈബർ (ഹോം ബ്രോഡ്ബാൻഡ്) ഉപഭോക്താക്കളും ഉൾപ്പെടുന്നു.

മൊബൈൽ കണക്റ്റിവിറ്റി, ജിയോ ട്രൂ 5ജി സേവനങ്ങൾ, ഹോം ബ്രോഡ്ബാൻഡ് സേവനങ്ങൾ, വ്യക്തിഗത ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമുള്ള വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയിലെ സേവനങ്ങളുടെ സ്വീകാര്യതയാണ് നേട്ടത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്ന് കമ്പനി പ്രതികരിച്ചു