വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം; ഹിമാചലിൽ നിന്ന് 250 മെഗാവാട്ട്; കെ.സി. വേണുഗോപാലിന്റെ ഇടപെടൽ ഫലംകണ്ടു

 

രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസമായി ഹിമാചൽ പ്രദേശിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. ആലപ്പുഴ എംപിയും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുവുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെയാണ് തീരുമാനം.നിലവിൽ തമിഴ്നാടിന് നൽകുന്ന വൈദ്യുതി വിഹിതത്തിൽ കുറവ് വരുത്തിയാണ് കേരളത്തിന് 250 മെഗാവാട്ട് നൽകാൻ ഹിമാചൽ സർക്കാർ ധാരണയായത്. കേരളത്തിന്റെ വർധിച്ച വൈദ്യുതി ആവശ്യകതയും നിലവിലെ ഊർജ പ്രതിസന്ധിയും കെ.സി. വേണുഗോപാൽ ഹിമാചൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വൈദ്യുതി കൈമാറ്റവുമായി ബന്ധപ്പെട്ട സാങ്കേതികവും ഭരണപരവുമായ നടപടികൾ ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ ചർച്ച ചെയ്ത് തീരുമാനിക്കും. കൈമാറ്റത്തിന്റെ രീതി, സമയക്രമം, മറ്റ് ഔപചാരികതകൾ എന്നിവയും ഇതിൽ ഉൾപ്പെടും. വൈദ്യുതി ആവശ്യകത ഉയർന്ന സാഹചര്യത്തിൽ 250 മെഗാവാട്ടിന്റെ അധിക ലഭ്യത കേരളത്തിന് നിലവിലെ പ്രതിസന്ധിയിൽ താൽക്കാലിക ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.