ഇൻസ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കലല്ലേ എന്ന് കോടതി; അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകാൻ നിർദ്ദേശം

 

ചേരാനല്ലൂരിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച കേസിൽ അഡീഷണൽ സെഷൻസ് കോടതിയിൽ ശക്തമായ വാദപ്രതിവാദങ്ങൾ. കേസിൽ പ്രതിയായ 17-കാരൻ ജാമ്യം ലഭിച്ചതിന് പിന്നാലെ ഇൻസ്റ്റഗ്രാം ഐഡിയും അതിലെ വിവരങ്ങളും നീക്കം ചെയ്തത് തെളിവ് നശിപ്പിക്കലല്ലേ എന്ന് കോടതി ചോദിച്ചു. കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച കോടതി, ഹർജി കൂടുതൽ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.

17-കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. സാഹചര്യങ്ങൾ പരിശോധിക്കാതെയും അധികാരപരിധി മറികടന്നുമാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിക്ക് ജാമ്യം അനുവദിച്ചതെന്നും അതിനാൽ ജാമ്യം റദ്ദാക്കി പ്രതിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. മഴയത്ത് സ്റ്റിയറിംഗിൽ നിന്ന് കൈവിട്ട് റീൽസ് ചിത്രീകരിച്ചാൽ അപകടമുണ്ടാകുമെന്ന് ബോധ്യമുണ്ടായിട്ടും കുട്ടി വാഹനം ഓടിച്ചതായി പ്രോസിക്യൂഷൻ വാദിച്ചു.

അതേസമയം കുട്ടിയുടെ സ്വകാര്യത സോഷ്യൽ മീഡിയയിൽ പലരും ലംഘിച്ചതുകൊണ്ടാണ് ഇൻസ്റ്റഗ്രാം ഐഡി നീക്കം ചെയ്തതെന്ന് പ്രതിഭാഗം വിശദീകരിച്ചു. എന്നാൽ അങ്ങനെയെങ്കിൽ എന്തുകൊണ്ട് അതിൽ നടപടിയെടുത്തില്ലെന്ന് കോടതി ചോദിക്കുകയും, വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ സൈബർ പോലീസിന് റിപ്പോർട്ട് നൽകി തക്കതായ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.