ശബരിമലയിൽ തുണി ഊരി പമ്പയിൽ ഉപേക്ഷിക്കുന്നത് ആചാരമല്ല, ദുരാചാരം: കെ. ജയകുമാർ
ശബരിമലയിൽ തുണി ഊരി പമ്പയിൽ ഉപേക്ഷിക്കുന്നത് ആചാരമല്ല, ദുരാചാരമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. വാഹനത്തിന് മുന്നിൽ കർപ്പൂരം കത്തിക്കുന്നതും പ്ലാസ്റ്റിക് കവറുകളിൽ ഷാംപൂ ഉൾപ്പെടെയുള്ളവ കൊണ്ടുവരുന്നതും കർശനമായി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ പുണ്യമലയായി സംരക്ഷിക്കേണ്ടത് എല്ലാ ഭക്തരുടെയും ഉത്തരവാദിത്വമാണെന്നും കെ. ജയകുമാർ വ്യക്തമാക്കി.
തീർത്ഥാടകർ ഉന്നയിക്കുന്ന പരാതികൾ തീർത്ഥാടനകാലം അവസാനിക്കുന്നതുവരെ കാത്തിരിക്കാതെ, ഉടൻ പരിഹരിക്കാൻ കഴിയുന്ന സംവിധാനമാണ് ദേവസ്വം ബോർഡിൽ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഭക്തരുമായി നേരിട്ടുള്ള ആശയവിനിമയ സംവിധാനം ശക്തമാക്കണം. ശബരിമലയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന്റെ ഭാഗമായി ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ 'ശബരിമല സന്ദേശ്' മാസിക പ്രസിദ്ധീകരിക്കും. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി നവംബർ 15ന് മുമ്പ് മാസിക പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.
കേരളത്തിന് പുറത്തുനിന്നാണ് ശബരിമലയിലേക്ക് കൂടുതൽ തീർത്ഥാടകർ എത്തുന്നത്. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാരങ്ങളുണ്ട്. ശബരിമലയിലെ ആചാരങ്ങളും പ്രത്യേകതകളും സംബന്ധിച്ച് ഭക്തർക്ക് കൃത്യമായ അറിവ് നൽകുന്നതിനാണ് 'ശബരിമല സന്ദേശ്' മാസികയെന്നും കെ. ജയകുമാർ വ്യക്തമാക്കി. ശബരിമലയിലെ പ്രധാന ആചാരങ്ങളും യുവതീപ്രവേശനവുമായി ബന്ധപ്പെട്ട നിയന്ത്രണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ മാസികയിലൂടെ വിശദീകരിക്കും.