'അഭിനയിപ്പിക്കാത്തതിൽ നടിക്ക് നീരസം, നിരവധി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു'; നിരപരാധിയാണെന്ന് രഞ്ജിത്ത്

 

ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയിൽ. താൻ നിരപരാധിയാണെന്ന് ഹർജിയിൽ രഞ്ജിത്ത് വ്യക്തമാക്കുന്നു. കേസിൽ തന്നെ ഉൾപ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണെന്നും സംഭവം നടന്നെന്ന് പറയുന്ന സമയം കഴിഞ്ഞ് 15 വർഷത്തിനു ശേഷമാണ് പരാതി നൽകിയിട്ടുള്ളത് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

പാലേരിമാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചു വരുത്തിയശേഷം സിനിമാ ചർച്ചയ്ക്കിടെ രഞ്ജിത്ത് ലൈംഗികമായ ഉദ്ദേശ്യത്തോടെ തന്റെ ശരീരത്തിൽ സ്പർശിച്ചു എന്നായിരുന്നു നടിയുടെ ആരോപണം. തുടർന്ന് അവർ രഞ്ജിത്തിനെതിരെ പരാതി നൽകുകയും ചെയ്തു. ഇതിനു പിന്നാലെ എറണാകുളം നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് രഞ്ജിത്ത് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

പരാതിക്കാരിയെ സിനിമയിൽ അഭിനയിക്കാൻ തിരഞ്ഞെടുക്കാത്തതിലുള്ള നീരസവും നിരാശയുമാണ് പരാതിക്ക് കാരണം. തന്നെ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്ന് നീക്കാനുള്ള ചില നിക്ഷിപ്ത താൽപര്യക്കാർ ഇത് ആളിക്കത്തിച്ചു. പരാതിയിൽ പറഞ്ഞിരിക്കുന്ന അപ്പാർട്ട്‌മെന്റിന്റെ ഭൂരിഭാഗം സ്ഥലവും ഓഫിസ് കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്. ബംഗാളി നടി അപ്പാർട്ട്‌മെന്റിലുണ്ടായിരുന്ന മുഴുവൻ സമയത്തും അസോഷ്യേറ്റ് ഡയറക്ടർമാരായ ശങ്കർ രാമകൃഷ്ണൻ, ഗിരീഷ് ദാമോദരൻ, നിർമാതാവ് സുബൈർ, ഓഫിസ് അസി. ബിജു തുടങ്ങിയവരും ഫ്‌ലാറ്റിലുണ്ടായിരുന്നു എന്നും രഞ്ജിത്ത് പറയുന്നു.

യഥാർഥത്തിൽ ശങ്കർ രാമകൃഷ്ണനാണ് സിനിമയെക്കുറിച്ച് നടിയുമായി ചർച്ച നടത്തിയത്. ശങ്കർ രാമകൃഷ്ണനും സ്ഥലത്തുണ്ടായിരുന്നു എന്ന കാര്യത്തെക്കുറിച്ച് പരാതിയിൽ നടി മൗനം പാലിച്ചിരിക്കുന്നത് ഇതിലുൾപ്പെട്ടിട്ടുള്ള വഞ്ചന വെളിവാക്കുന്നു. അടുത്തിടെയാണ് തന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. താൻ നിരവധി അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന ആളാണ്. അതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാൻ തയാറാണ്. ഗോസിപ്പുകളിലോ വിവാദങ്ങളിലോ മറ്റ് ആരോപണങ്ങളിലോ ഉൾപ്പെടാതെ കഴിഞ്ഞ 37 വർഷമായി സിനിമാരംഗത്തുള്ള ആളാണ് താനെന്നും രഞ്ജിത്ത് ഹർജിയിൽ പറയുന്നു.