ചിറയിൻകീഴിലെ കയ്യാങ്കളി; പാളയം പ്രദീപിനെയും സജാദിനെയും സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്

 

ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എയും പ്രാദേശിക കോൺഗ്രസ് നേതാക്കളും ഉൾപ്പെട്ട കയ്യാങ്കളിയിൽ രണ്ടുപേർക്ക് സസ്‌പെൻഷൻ. എം.എൽ.എയുടെ അനുയായി പാളയം പ്രദീപിനെയും പ്രാദേശിക നേതാവ് സജാദിനെയുമാണ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെ.പി.സി.സി നടപടി.

സംഭവത്തിൽ രമ്യാ ഹരിദാസ് എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം സജിത് മുട്ടപ്പലം എന്നിവർക്കെതിരെയുള്ള പരാതികളും സമിതി അന്വേഷിക്കുന്നുണ്ട്. തർക്കത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതും പാർട്ടിയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയതും കണക്കിലെടുത്താണ് അടിയന്തര നടപടി.

ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ ഔദ്യോഗിക പദവികളൊന്നുമില്ലാത്ത പാളയം പ്രദീപ് പങ്കെടുത്തതിനെ വിമർശിച്ച് സജാദ് വാട്സാപ്പിൽ പോസ്റ്റിട്ടതാണ് തർക്കങ്ങൾക്ക് തുടക്കം. തുടർന്ന് വെള്ളിയാഴ്ച രാത്രി എം.എൽ.എയും സംഘവും സജാദിന്റെ കടയിലെത്തുകയും വാക്കേറ്റവും കയ്യാങ്കളിയുമുണ്ടാവുകയായിരുന്നു. സംഭവത്തിൽ എം.എൽ.എയുടെ പരാതിയിൽ ചിറയിൻകീഴ് പോലീസ് 14 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. കേസും തർക്കങ്ങളും കൂടുതൽ വഷളാകാതെ ഒത്തുതീർപ്പിലെത്തിക്കാനുള്ള ശ്രമങ്ങളും പാർട്ടി നേതൃത്വം നടത്തുന്നുണ്ട്.