കൊച്ചിയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ കവർച്ച; സ്ത്രീകളെ വിവസ്ത്രരാക്കി സ്വര്‍ണവും പണവും കവർന്നു

 

കൊച്ചി പാലാരിവട്ടം സംസ്കാര ജങ്ഷനു സമീപത്തെ വാടകവീട്ടിൽ അതിക്രമിച്ചു കയറി ഇതരസംസ്ഥാനക്കാരായ സ്ത്രീകളെ വിവസ്ത്രരാക്കി അഞ്ചംഗ സംഘം കവർച്ച നടത്തി. അസം, ബംഗാൾ സ്വദേശികളായ ഹോട്ടൽ തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിൽ ഇന്നലെ പുലർച്ചെയാണ് സംഭവം.

മാരകായുധങ്ങളുമായി എത്തിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തിയും ദേഹോപദ്രവമേൽപ്പിച്ചുമാണ് പണവും സ്വർണാഭരണങ്ങളും കവർന്നത്. സ്വർണാഭരണങ്ങൾ അണിഞ്ഞിട്ടുണ്ടോ എന്നറിയാനാണ് സ്ത്രീകളുടെ വസ്ത്രങ്ങൾ അഴിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

1,20,000 രൂപ, 1,80,000 രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ, 3,05,000 രൂപ വിലവരുന്ന 10 മൊബൈൽ ഫോണുകൾ, എടിഎം, തിരിച്ചറിയൽ കാർഡുകൾ എന്നിവയാണ് കവർന്നത്. കൂടാതെ, തൊഴിലാളികളിൽ ഒരാളെ ഭീഷണിപ്പെടുത്തി ഓൺലൈൻ വഴി 12,000 രൂപയും പ്രതികൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിപ്പിച്ചു. സംഭവത്തിൽ ഫിസ്ദുൾ ഹഖ് നൽകിയ പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്തു. പ്രതികളിൽ രണ്ടുപേരൊഴികെ ബാക്കിയുള്ളവർ മലയാളികളാണെന്നാണ് സൂചന.