4,500 രൂപ ബോണസ്: 108 ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു
108 ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ചിരുന്ന സമരം പിൻവലിച്ചു. മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ജീവനക്കാർക്ക് 4,500 രൂപ ബോണസ് നൽകാൻ തീരുമാനമായതിനെ തുടർന്നാണ് നടപടി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് കീഴിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസിലെ മുഴുവൻ ജീവനക്കാർക്കും ഈ ആനുകൂല്യം ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു.
2025-26 വർഷത്തെ ബോണസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഈ മാസം 17-നാണ് ജീവനക്കാർ 24 മണിക്കൂർ സമരം പ്രഖ്യാപിച്ചിരുന്നത്. സാധാരണ നൽകുന്ന 3,500 രൂപയ്ക്ക് പകരം ഒരു മാസത്തെ ശമ്പളം ബോണസായി നൽകണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം. മാനേജ്‌മെന്റുമായി നടത്തിയ മുൻകാല ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് തൊഴിലാളികൾ സമരത്തിലേക്ക് കടന്നത്.
തുടർന്ന് തൊഴിൽ വകുപ്പ് മന്ത്രിയുടെ ചേംബറിൽ തൊഴിലാളി സംഘടനാ പ്രതിനിധികളും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് അധികൃതരും ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് സമവായമുണ്ടായത്. ധാരണാ പത്രത്തിൽ ഇരുവിഭാഗവും ഒപ്പുവെച്ചതോടെ തർക്കങ്ങൾക്ക് പരിഹാരമായി.