സർക്കാർ കോളേജുകളുടെ വികസനത്തിന് 45.68 കോടി രൂപ അനുവദിച്ചു
സംസ്ഥാനത്തെ സർക്കാർ കോളേജുകളിലെ ഭൗതിക, മാനവവിഭവശേഷി, ഐ.ടി. അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനും പരിപാലനത്തിനുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് 45.68 കോടി രൂപ അനുവദിച്ചതായി മന്ത്രി റോജി എം. ജോൺ അറിയിച്ചു. പുതിയ കെട്ടിടങ്ങൾ, അക്കാദമിക് ബ്ലോക്കുകൾ, ഭരണകേന്ദ്രങ്ങൾ, ഐ.ടി. സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ വികസന പദ്ധതികൾക്കായാണ് തുക വിനിയോഗിക്കുക.
എറണാകുളം നോർത്ത് പറവൂരിലെ കേസരി സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പുതിയ ഭരണകേന്ദ്രം നിർമിക്കാൻ 13.48 കോടി രൂപ അനുവദിച്ചു. മഹാരാജാസ് കോളേജിലെ ഹോസ്റ്റൽ, മെസ് കെട്ടിടങ്ങൾക്കായി 5.60 കോടി രൂപയും തിരുവനന്തപുരത്തെ സർക്കാർ കോളേജിൽ ലൈബ്രറിയും ഗവേഷണ ബ്ലോക്കും നിർമിക്കാൻ 4.81 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
തലശേരി സർക്കാർ ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചേഴ്‌സ് എജ്യുക്കേഷന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് 2.42 കോടി രൂപയും കരുനാഗപ്പള്ളി സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അക്കാദമിക് ബ്ലോക്കും ചുറ്റുമതിലും നിർമിക്കാൻ 1.29 കോടി രൂപയും അനുവദിച്ചു.
വടകര മടപ്പള്ളി സർക്കാർ കോളേജിൽ പുതിയ ആർട്‌സ് ബ്ലോക്കിനായി 1.34 കോടി രൂപയും മൂന്നാർ സർക്കാർ കോളേജിൽ ചുറ്റുമതിൽ നിർമിക്കാൻ 1.98 കോടി രൂപയും വകയിരുത്തി. കെ.കെ.ടി.എം സർക്കാർ കോളേജിന് 1.27 കോടി രൂപയും ഏലേരിത്തട്ടിലെ ഇ.കെ.എൻ.എം കോളേജിന് 99.68 ലക്ഷം രൂപയും തോലന്നൂർ സർക്കാർ കോളേജിന് 98.35 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
സർക്കാർ കോളേജുകളെ കൂടുതൽ ആകർഷകവും വിദ്യാർഥി സൗഹൃദവുമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനും ഗവേഷണ-നവീകരണ അവസരങ്ങൾ വർധിപ്പിക്കുന്നതിനും അധ്യാപന-പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും പദ്ധതികൾ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.