'അലകളില്ലാത്ത കടല്‍'; എസ്. മഹാദേവന്‍ തമ്പിയുടെ നോവല്‍ ടര്‍ക്കിഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നു

 

ഒരു മലയാളനോവല്‍ പ്രത്യേക ഗ്രാന്റ് നല്‍കി ടര്‍ക്കിഷ് ഭാഷയിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിക്കുന്നു. എസ്.മഹാദേവന്‍ തമ്പിയുടെ 'അലകളില്ലാത്ത കടല്‍' എന്ന നോവലിനാണ് ഈ അപൂര്‍വാവസരം കൈവന്നിരിക്കുന്നത്.

തമിഴിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റിയിട്ടുള്ള നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമായ 'പേര്‍ജ്' ആണ് ടര്‍ക്കിഷിലേക്ക് ഭാഷാന്തരം ചെയ്യപ്പെടുന്നത്. പത്രപ്രവര്‍ത്തകനും വിവര്‍ത്തകനും കഥാകാരനുമായ പി.മുരളീധരന്‍ ആണ് 'അലകളില്ലാത്ത കടല്‍', 'പേര്‍ജ്'എന്ന പേരില്‍ ഇംഗ്ലീഷിലേക്കു മൊഴിമാറ്റിയത്.

ഷാര്‍ജാ പുസ്തകോത്സവത്തില്‍ നിന്ന് തെരഞ്ഞെടുത്ത ഈ കൃതിക്ക് ടര്‍ക്കിഷ് ഭാഷയിലേക്കുള്ള വിവര്‍ത്തനത്തിനും പ്രസാധനത്തിനും എസ് ഐ ബി എഫ് പ്രത്യേക ഗ്രാന്റ് അനുവദിച്ചുകൊണ്ടുള്ള അറിയിപ്പും ഉത്തരവും നല്‍കിയിട്ടുണ്ട്.  അക്കിഫ്പാമുക്കിനാണ് പ്രസാധന ചുമതല.

അടുത്ത ഷാര്‍ജ പുസ്തകോത്സവത്തിന് മുമ്പ് ടര്‍ക്കിഷ് പതിപ്പു് പ്രസിദ്ധീകരിക്കണമെന്നാണ് വ്യവസ്ഥ. ഒരു മലയാള പുസ്തകത്തെ സംബന്ധിച്ചിടത്തോളം ഇത് ശ്രദ്ധേയമായ അംഗീകാരമാണെന്ന് നോവലിന്റെ പ്രസാധകരായ ഗ്രീന്‍ ബുക്സ് അധികൃതര്‍ പറഞ്ഞു. 

' മേലും സില രത്തക്കുറിപ്പുഗള്‍' എന്ന പേരില്‍ തമിഴില്‍ മൊഴിമാറ്റിയ നോവല്‍ ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ തമിഴ് സമൂഹത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഘര്‍ഷ ഭൂമികയെ കുറിച്ചുള്ള സര്‍ഗ്ഗ രചന എന്ന ഗണത്തില്‍ പാശ്ചാത്യ സര്‍വകലാശാലകളിലും വ്യാപകമായി 'പേര്‍ജ്' ചര്‍ച്ച ചെയ്യപ്പെട്ടു.

മലയാളത്തില്‍ മൂന്നു പതിപ്പുകള്‍ ഇറങ്ങിയ 'അലകളില്ലാത്ത കടല്‍' ശ്രീലങ്കയിലെ തമിഴ് പ്രക്ഷോഭത്തിന്റെയും അവിടെനിന്നും ഇന്ത്യയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന്റെയും പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടതാണ്. കശ്മീര്‍ പ്രശ്നത്തെ അധികരിച്ച് എസ് മഹാദേവന്‍ തമ്പി എഴുതിയ 'ആസാദി' എന്ന നോവലും അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.