ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസ്; അന്വേഷണത്തിന് പ്രത്യേക ടീം രൂപീകരിക്കാൻ ഹൈക്കോടതി
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. 2017 ലെ യുഡിഎഫ് ഭരണകാലത്തെ കൊടിമര പുനഃപ്രതിഷ്ഠയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നത്. വിജിലൻസ് ഡയറക്ടർ പ്രത്യേക ടീം രൂപീകരിക്കണമെന്നും പ്രാഥമിക അന്വേഷണം 30 ദിവസത്തിനകം പൂർത്തിയാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. മഹസർ ഉൾപ്പെടെ എല്ലാ രേഖകളും വിജിലൻസ് ഡയറക്ടർക്ക് നൽകാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകി.
പ്രതികളുടെ ഒപ്പിൽ ശാസ്ത്രീയ പരിശോധന നടത്താനും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിക്കണമെന്നും ശാസ്ത്രീയ അന്വേഷണത്തിനും ഹൈക്കോടതി അനുമതി നൽകി. എക്സ്‌റേ ഫ്‌ളൂറോസീൻസ് സ്‌പെക്ട്രോസ്‌കോപ്പി പരിശോധന നടത്തും. സ്വർണ്ണം സംഭാവന ചെയ്തവരുടെ മൊഴി രേഖപ്പെടുത്തണം. പുനപ്രേതിഷ്ഠയ്ക്ക് ലഭിച്ച സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്തണം. ഇത് ദേവസ്വം മാനുവൽ അനുസരിച്ച് ആണോ തയ്യാറാക്കിയതെന്ന് പരിശോധിക്കണം. കൊടിമര നിർമ്മാണത്തിലെ ക്രമക്കേട് ഗുരുതര സ്വഭാവത്തിലുള്ളതെന്നും ഹൈക്കോടതി പറഞ്ഞു
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവസ്വം മാനുവൽ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ. സാമ്പത്തിക ചട്ടങ്ങളും പാലിച്ചില്ലെന്നും കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് സ്വർണ്ണം സംഭാവന നൽകിയവരുടെ മൊഴിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പ്രാഥമിക അന്വേഷണം പൂർത്തിയായി അന്തിമ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ അതിൽ കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നും ഹൈക്കോടതി പറഞ്ഞു. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ് എടുക്കുക.