ശബരിമല നെയ്യ് ക്രമക്കേട്: 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി

 

ശബരിമല നെയ്യ് ക്രമക്കേടുമായി ബദ്ധപ്പെട്ട കേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് 10 ദിവസത്തിനകം സമർപ്പിക്കണമെന്ന് ഹൈക്കോടതി. ദേവസ്വം ബെഞ്ചാണ് വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകിയത്.

കേസിൽ മികച്ച അന്വേഷണ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നും, നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടിക കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

മിൽമയിൽ നിന്ന് ശബരിമലയിലേക്ക് നെയ്യ് വാങ്ങിയ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ഹർജികളാണ് കോടതി പരിഗണിച്ചത്. നേരത്തെ കേസിൽ ഗുരുതര ക്രമക്കേട് നടന്നതായി വാക്കാൽ നിരീക്ഷിച്ച കോടതി, വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു.

ഒന്നരലക്ഷത്തോളം ലിറ്റർ നെയ്യ് വാങ്ങിയിട്ടും ഒരു സാമ്പിൾ പോലും ശാസ്ത്രീയമായി പരിശോധിക്കാതിരുന്നതിൽ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. നെയ്യിന്റെ ഗുണനിലവാരം ഉറപ്പാക്കാതെയാണ് വാങ്ങിയതെങ്കിൽ അത് ഗുരുതര വീഴ്ചയാണെന്നും കോടതി വ്യക്തമാക്കി.

മിൽമയുമായുള്ള കരാർ നടപടികളിലും കോടതി ചോദ്യങ്ങൾ ഉന്നയിച്ചു. ടെൻഡർ നടപടികൾ ഒഴിവാക്കി നേരിട്ട് കരാർ നൽകിയതിൽ ദേവസ്വം കമ്മിഷണർ രേഖാമൂലം എതിർപ്പ് അറിയിച്ചിരുന്നില്ലേയെന്ന് കോടതി ചോദിച്ചു. ലിറ്ററിന് 560 രൂപ നിരക്കിലാണ് നെയ്യ് വാങ്ങിയതെന്നും, ടെൻഡർ ഒഴിവാക്കി കരാർ നൽകിയതിന്റെ കാരണം വ്യക്തമാക്കണമെന്നും നിർദേശിച്ചു.

അന്വേഷണം കാര്യക്ഷമവും നിഷ്പക്ഷവുമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിവുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.