ശബരിമല സ്വർണ്ണക്കൊള്ള: എ. പത്മകുമാറിന്റെ റിമാൻഡ് നീട്ടി; ജാമ്യാപേക്ഷയിൽ ജനുവരി ഏഴിന് വിധി
Dec 30, 2025, 13:26 IST
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ജനുവരി ഏഴിന് കോടതി വിധി പറയും.
ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണപ്പാളിയും കട്ടിളപ്പാളിയും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സമയത്ത് പത്മകുമാറായിരുന്നു ദേവസ്വം പ്രസിഡന്റ്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ തങ്ങളെ നിർബന്ധിച്ചിരുന്നതായി ദേവസ്വം ജീവനക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകിയിരുന്നു. ഇത് പത്മകുമാറിന് കേസിൽ തിരിച്ചടിയായി.
അതേസമയം, കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയെയും സ്വർണ്ണ വ്യാപാരി ഗോവർധനെയും കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.