ശബരിമല സ്വർണക്കൊള്ള കേസ്: ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ക്ഷേത്രത്തിൽ സ്വീകരണം
ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിൽ സ്വീകരണം. നേരത്തെ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പോറ്റിക്ക് സുഹൃത്തുക്കളുടെ നേതൃത്വത്തിലാണ് ആഘോഷപൂർവം സ്വീകരണം നൽകിയത്.
ബുധനാഴ്ച രാവിലെ ക്ഷേത്രത്തിലെത്തി തേങ്ങയുടച്ച് ദർശനം നടത്തിയ ശേഷം പുറത്തേക്ക് വന്നപ്പോഴായിരുന്നു സ്വീകരണം. സുഹൃത്ത് രമേഷ് റാവുവിന്റെ നേതൃത്വത്തിൽ ശരണംവിളികളോടെ മാലയണിയിച്ചാണ് പോറ്റിയെ സ്വീകരിച്ചത്.
ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ് അനുവദിച്ചതിനെ തുടർന്നാണ് പോറ്റി ക്ഷേത്രത്തിലെത്തിയത്. പൂജാകർമങ്ങളിൽ പങ്കെടുക്കുന്നതിനായി 20 ദിവസത്തേക്കാണ് ഇളവ് അനുവദിച്ചത്.
അതേസമയം, പോറ്റിക്ക് നൽകിയ സ്വീകരണം ക്ഷേത്രത്തിന്റെ അറിവോടെയല്ലെന്നാണ് ഭാരവാഹികളുടെ വിശദീകരണം. സുഹൃത്തുക്കളാണ് സ്വീകരണം സംഘടിപ്പിച്ചതെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. മേൽശാന്തി അറിയിച്ചതിന് ശേഷമാണ് കമ്മിറ്റി അംഗങ്ങൾ ഇക്കാര്യം അറിഞ്ഞതെന്നും ഭാരവാഹികൾ വ്യക്തമാക്കി.