ശബരിമല സ്വർണക്കൊള്ള: കട്ടിളപ്പാളി കേസിൽ കുറ്റപത്രം ഉടൻ; അനുമതി തേടി എസ്ഐടി

 

ശബരിമല സ്വർണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള പ്രോസിക്യൂഷൻ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം. ദേവസ്വം വകുപ്പ് സെക്രട്ടറിക്കാണ് എസ്ഐടി അപേക്ഷ നൽകിയത്. അനുമതി ലഭിച്ച ശേഷമായിരിക്കും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക.

285 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അന്വേഷണം പൂർത്തിയായിട്ടും പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്തതിനാലാണ് കുറ്റപത്രം സമർപ്പിക്കാത്തതെന്ന് കഴിഞ്ഞ തവണ എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, ദ്വാരപാലക ശിൽപ്പങ്ങളുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് എസ്ഐടി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. അന്വേഷണം ഉടൻ പൂർത്തിയാക്കുമെന്നും കുറ്റപത്രം സമർപ്പിക്കുന്നതടക്കമുള്ള നടപടികൾക്കായി സാവകാശം അനുവദിക്കണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

സന്നിധാനത്ത് 1998ൽ സ്ഥാപിച്ച സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടിളപ്പാളികളിലും സ്വർണം നഷ്ടപ്പെട്ടുവെന്നാണ് കേസ്. അറ്റകുറ്റപ്പണികളുടെയും പുനർനിർമാണത്തിന്റെയും ഭാഗമായി 2019ലും 2023ലും ഇവ ചെന്നൈയിലേക്ക് കൊണ്ടുപോയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.