ശബരിമല സ്വർണ്ണക്കൊള്ള: ഇഡി അന്വേഷണത്തിന് കോടതി അനുമതി; രേഖകൾ കൈമാറാൻ ഉത്തരവ്
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിക്കുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ (SIT) പക്കലുള്ള എഫ്.ഐ.ആർ ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. ഇഡി അന്വേഷണം ആവശ്യമില്ലെന്ന സംസ്ഥാന സർക്കാരിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും വാദങ്ങൾ തള്ളിയാണ് കോടതിയുടെ ഈ സുപ്രധാന ഇടപെടൽ.
കേസിൽ വിദേശ വിനിമയ ചട്ടങ്ങളുടെ ലംഘനമോ (FEMA) കള്ളപ്പണ ഇടപാടോ നടന്നിട്ടില്ലെന്നായിരുന്നു സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട്. എന്നാൽ, ഈ തട്ടിപ്പിന് പിന്നിൽ അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്നും സംസ്ഥാനത്തിന് പുറത്തും വലിയ തോതിലുള്ള ഇടപാടുകൾ നടന്നതായും ഇഡി കോടതിയെ അറിയിച്ചു. കള്ളപ്പണ നിരോധന നിയമപ്രകാരം പ്രാഥമികമായി തന്നെ കേസെടുക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് ഇഡി വാദിച്ചു.
നേരത്തെ ഇഡി ഹൈക്കോടതിയെ സമീപിച്ചപ്പോൾ കീഴ്ക്കോടതിയിൽ നിന്ന് രേഖകൾ ആവശ്യപ്പെടാനായിരുന്നു നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയത്. കോടതി ഉത്തരവ് പുറത്തുവന്നതോടെ കൊച്ചി സോണൽ ഓഫീസിൽ ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്ത് ഇഡിക്ക് ഔദ്യോഗികമായി അന്വേഷണം തുടങ്ങാം. സർക്കാരുമായും ഭരണകക്ഷിയുമായും അടുത്ത ബന്ധമുള്ളവർ പ്രതിപ്പട്ടികയിലുള്ള കേസായതിനാൽ ഇഡിയുടെ കടന്നുവരവ് രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.