ശബരിമല സ്വർണക്കൊള്ള: ദേവസ്വം മുൻ അംഗം ശങ്കരദാസിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി
ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലെ ഡോക്ടർമാർ നേരിട്ടെത്തി പരിശോധിച്ചിരുന്നു. ശങ്കരദാസിനെ നിലവിൽ ജയിലിലേക്ക് മാറ്റാൻ സാധിക്കില്ലെന്നും സർക്കാർ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകണമെന്നുമുള്ള ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി. നേരത്തെ 14 ദിവസത്തേക്കാണ് കോടതി ഇദ്ദേഹത്തെ റിമാൻഡ് ചെയ്തിരുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട അന്വേഷണം പ്രത്യേക അന്വേഷണസംഘം (SIT) ഊർജിതമാക്കിയിട്ടുണ്ട്. ശബരിമലയിലെ കൊടിമര നിർമ്മാണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നും അതുമായി ബന്ധപ്പെട്ട് പുതിയ കേസെടുക്കാൻ സാധിക്കുമോ എന്നും എസ്.ഐ.ടി പരിശോധിച്ചു വരികയാണ്. ക്ഷേത്രത്തിൽ നിന്ന് വാജി വാഹനം കൊണ്ടുപോയതിലെ ദുരൂഹതകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണസംഘം ഉടൻ തന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
സ്വർണത്തിന്റെ അളവിലും ഗുണമേന്മയിലും ഉണ്ടായ വ്യത്യാസങ്ങൾ കണ്ടെത്താനായി നടത്തിയ ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് എസ്.ഐ.ടി കൊല്ലം വിജിലൻസ് കോടതിക്ക് കൈമാറി. വി.എസ്.സി നടത്തിയ പരിശോധനാ ഫലമാണ് കോടതിയിൽ സമർപ്പിച്ചത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും തിരിമറികളിലും ദേവസ്വം ബോർഡിലെ ഉന്നതർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.