ശബരിമല സ്വർണക്കവർച്ച: അന്തിമ കുറ്റപത്രം വൈകും; കേസ് നവംബറിലേക്ക് മാറ്റി

 

ശബരിമല സ്വർണക്കവർച്ച കേസുകളിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് വൈകും. പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്തതാണ് നടപടികൾ നീളാൻ കാരണം. അസിസ്റ്റന്റ് ലീഗൽ അഡൈ്വസർ ചുമതലയേറ്റിട്ടില്ലെന്ന് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഹൈക്കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ അനുമതിക്കായുള്ള തുടർനടപടികൾ സ്വീകരിക്കാൻ അസിസ്റ്റന്റ് ലീഗൽ അഡൈ്വസർക്ക് നിർദേശം നൽകണമെന്നും എസ്‌ഐടി കോടതിയോട് ആവശ്യപ്പെട്ടു. അസിസ്റ്റന്റ് ലീഗൽ അഡൈ്വസറെ നിയമിച്ചെങ്കിലും അദ്ദേഹം ചുമതലയേറ്റിട്ടില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. ഇതോടെ സ്വമേധയാ എടുത്ത ഹർജി ഹൈക്കോടതി നവംബറിലേക്ക് മാറ്റി.

കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്വർണക്കവർച്ച കേസുകളിൽ ഇതുവരെ അന്തിമ കുറ്റപത്രം സമർപ്പിക്കാനായിട്ടില്ല. 292 സാക്ഷികളുടെ മൊഴികൾ ഉൾപ്പെടുത്തിയ കരട് കുറ്റപത്രം നേരത്തേ അന്വേഷണസംഘം സമർപ്പിച്ചിരുന്നു. ഒരു ഫോറൻസിക് പരിശോധനയുടെ ഫലം കൂടി ലഭിക്കാനുണ്ടെന്നും അതിനുശേഷം അന്തിമ കുറ്റപത്രം സമർപ്പിക്കാനാകുമെന്നും എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ആവശ്യപ്പെട്ട അധികസമയം കോടതി അനുവദിക്കുകയും ചെയ്തു.

അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുള്ളതിനാൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട സ്വർണക്കവർച്ച കേസിൽ അടുത്ത മാസം 25-നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.