ശബരിമല സ്വർണക്കൊള്ള;  ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

 

ശബരിമല സ്വർണ്ണക്കൊളള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ചെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ ഡി റെയ്ഡിൽ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് 100 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. സ്വർണം ചെമ്പാക്കിയ രേഖയും കണ്ടെത്തി. ദേവസ്വം ബോർഡ് ആസ്ഥാനത്തു നിന്നാണ് രേഖകൾ പിടിച്ചെടുത്തതെന്നും ഇ ഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഇന്നലെയാണ് സ്വർണക്കൊള്ളയിലെ പ്രതികളുടെ വീട്ടിലടക്കം പ്രധാനപ്പെട്ട 21 ഇടങ്ങളിൽ ഒരേസമയം ഇ ഡി റെയ്ഡ് നടത്തിയത്.

ശബരിമലയിൽ നടന്നത് കൂട്ടക്കവർച്ചയെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് നിരീക്ഷിച്ചിരുന്നു. അയ്യപ്പന്റെ സ്വത്ത് പ്രതികൾ കൂട്ടം ചേർന്ന് കൊള്ളയടിച്ചുവെന്നും കൂട്ടക്കവർച്ചയിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. എസ്ഐടി കണ്ടെത്തിയ രേഖകളിൽ നിന്ന് കൂട്ടക്കവർച്ച പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി വ്യക്തമാക്കി