ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന് ഇഡി നോട്ടീസ്
Feb 3, 2026, 21:16 IST
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നൽകി. ഈയാഴ്ച തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇഡിയുടെ നിർദേശം.സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. ഇക്കഴിഞ്ഞ ജനുവരി 29-നാണ് കൊല്ലം വിജിലൻസ് കോടതി ശ്രീകുമാറിന് ജാമ്യം അനുവദിച്ചത്. ദ്വാരപാലക കേസിൽ മാത്രമാണ് ശ്രീകുമാർ പ്രതി. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 43-ാം ദിവസമാണ് ജാമ്യം ലഭിച്ചത്.