ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ;ശങ്കരദാസ് ആശുപത്രിയിൽ തുടരും

 

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിൽ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശങ്കരദാസിനെ ആശുപത്രിയിലെത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്. എ.പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നപ്പോൾ ദേവസ്വം ബോർഡ് അംഗമായിരുന്നു. സിപിഐ പ്രതിനിധിയായാണ് ദേവസ്വം ബോർഡിലെത്തിയത്. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശങ്കരദാസ് ഐ സി യുവിൽ ആയതിനാൽ, അറസ്റ്റ് വിവരം കൊല്ലം കോടതിയെ അറിയിക്കുകയും തുടർന്ന് മജിസ്‌ട്രേറ്റ് നേരിട്ട് ആശുപത്രിയിലെത്തി തുടർനടപടികൾ പൂർത്തിയാക്കുകയുമായിരുന്നു. നാളെ കൊല്ലം കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിക്കും. ഐ സി യുവിൽ നിന്ന് മുറിയിലേക്ക് ശങ്കരദാസിനെ മാറ്റിയെങ്കിലും ആശുപത്രിയിൽ തുടരും. ശബരിമല സ്വർണപ്പാളിക്കേസിൽ പ്രതിയാണ് ശങ്കരദാസ്. ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ചയാണ് ഇനി കോടതി പരിഗണിക്കുക.