ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ളവർ പ്രതികളായേക്കും; നിർണ്ണായക നീക്കവുമായി എസ്.ഐ.ടി
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ള മുൻ ഭരണസമിതി അംഗങ്ങളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേക അന്വേഷണസംഘത്തിന്റെ (SIT) നിർണ്ണായക നീക്കം. 2025-ൽ ശബരിമലയിലെ ദ്വാരപാലക പാളി മാറ്റിയതിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയത്തെത്തുടർന്നാണ് നടപടി. സ്വർണ്ണപ്പാളികൾ കൈമാറിയതിൽ വലിയ ദുരൂഹതയുണ്ടെന്നും മുൻ ഭരണസമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും കാണിച്ച് അന്വേഷണസംഘം ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു.
പി.എസ്. പ്രശാന്തിന് പുറമെ അന്നത്തെ ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന അജികുമാർ, സന്തോഷ് എന്നിവരെയും കേസിൽ പ്രതി ചേർക്കും. കൂടാതെ, ശബരിമല തന്ത്രി കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് എസ്.ഐ.ടിയുടെ തീരുമാനം.
ഹൈക്കോടതിയുടെ മുൻകൂർ അനുമതി വാങ്ങാതെയാണ് 2025-ൽ ദ്വാരപാലക ശിൽപങ്ങളും കട്ടിളപ്പാളികളും സ്വർണ്ണം പൂശാനായി വിട്ടുനൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് എസ്.ഐ.ടി വിലയിരുത്തുന്നത്. മുൻ ഭരണസമിതിയുടെ പൂർണ്ണമായ അറിവോടെയും ഒത്താശയോടെയുമാണ് ഈ നടപടികൾ നടന്നതെന്ന കണ്ടെത്തലാണ് പുതിയ നീക്കത്തിലേക്ക് നയിച്ചത്.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഈ മാസം 29-നകം സമഗ്രമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതി നിശ്ചയിച്ച സമയപരിധിക്ക് മുൻപ് തന്നെ ഇവർക്കെതിരെ കേസെടുത്ത് റിപ്പോർട്ട് സമർപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് നിലവിൽ അന്വേഷണസംഘം.