ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഫീസ് ഇരട്ടിയാക്കാൻ നീക്കം

 

ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഫീസ് ഇരട്ടിയാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം. നിലവിലെ അഞ്ച് രൂപ 10 രൂപയാക്കാനാണ് ധാരണ. നിരക്ക് വർധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി തേടും. പമ്പയിലെ ശുചിമുറി സേവനം പൂർണമായും സൗജന്യമാക്കുന്നതിനാണ് ഫീസ് വർധിപ്പിക്കുന്നതെന്നാണ് ബോർഡിന്റെ വിശദീകരണം.

നിരക്ക് വർധന നിലവിൽ വന്നാൽ ഭക്തർക്ക് പണം നൽകാതെ ശുചിമുറികൾ ഉപയോഗിക്കാനാകും. ബുക്കിങ് ഫീസ് വർധിപ്പിക്കുന്നത് പരാതികൾക്ക് ഇടയാക്കുമെന്ന അഭിപ്രായം ഭരണസമിതിയിൽ ഉയർന്നെങ്കിലും ഭക്തർക്ക് ഗുണകരമാകുന്ന മാറ്റമെന്ന നിലപാടാണ് പ്രസിഡന്റ് കെ. ജയകുമാർ സ്വീകരിച്ചത്.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ സംവിധാനമാണ് വെർച്വൽ ക്യൂ ബുക്കിങ്. ദർശനത്തിനായി ഭക്തർക്ക് ഓൺലൈനിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാം. ഇതിനായി നിലവിൽ അഞ്ച് രൂപയാണ് ഈടാക്കുന്നത്.

അതേസമയം, തുലാമാസ പൂജാ സമയത്ത് സന്നിധാനത്തെ മുറികൾ കൂട്ടത്തോടെ ബുക്ക് ചെയ്ത സംഭവത്തിൽ തട്ടിപ്പുണ്ടോയെന്ന് പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ മുറികൾ ബുക്ക് ചെയ്തതോടെ ഭക്തർക്ക് മുറി ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് നടപടി.