സാബു എം. ജേക്കബുമായി ഭിന്നത; അഖിൽ മാരാർ ട്വന്റി-20 വിട്ടു
പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി-20 പാർട്ടി വിട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ എൻ.ഡി.എ പിന്തുണയോടെ ട്വന്റി-20 സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം, പാർട്ടിയിൽ യാതൊരു പ്രവർത്തന സ്വാതന്ത്ര്യവുമില്ലെന്ന് വ്യക്തമാക്കിയാണ് പടിയിറങ്ങിയത്.
ട്വന്റി-20 എന്നത് സാബു എം. ജേക്കബിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രമുള്ള പാർട്ടിയാണെന്ന് അഖിൽ മാരാർ കുറ്റപ്പെടുത്തി. ജനകീയ വിഷയങ്ങളിൽ ഇടപെടാൻ ആവശ്യപ്പെടുമ്പോൾ നേതൃത്വം മൗനം പാലിക്കുകയാണെന്നും, തെരഞ്ഞെടുപ്പിന് ശേഷം പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാബു എം. ജേക്കബ് ഫോൺ എടുക്കാൻ പോലും തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
കൊട്ടാരക്കര സീറ്റ് നൽകാമെന്ന് ഉറപ്പുനൽകിയാണ് തന്നെ പാർട്ടിയിലേക്ക് കൊണ്ടുവന്നതെന്നും, പിന്നീട് തൃപ്പൂണിത്തുറ നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ച ശേഷമാണ് കാര്യമായ സ്വാധീനമില്ലാത്ത തൃക്കാക്കരയിൽ സ്ഥാനാർഥിയാക്കിയതെന്നും അദ്ദേഹം തുറന്നടിച്ചു. അവിടെ പ്രചാരണത്തിന് ഇറങ്ങാൻ പോലും ആളുകളില്ലാത്ത അവസ്ഥയായിരുന്നുവെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ ട്വന്റി-20യിൽ അംഗത്വമെടുത്ത അഖിൽ മാരാർ വെളിപ്പെടുത്തി.