സ്ത്രീകൾക്ക് സുരക്ഷിത രാത്രിയാത്ര; കെ.എസ്.ആർ.ടി.സിയുടെ പിങ്ക് ബസ് സർവീസ് ആരംഭിച്ചു

 

സ്ത്രീകൾക്കായി പ്രത്യേക പിങ്ക് ബസ് സർവീസുമായി കെ.എസ്.ആർ.ടി.സി. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് പിന്നാലെയാണ് പുതിയ നടപടി.പ്രാരംഭ ഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ടെക്‌നോപാർക്ക് റൂട്ടിലാണ് പിങ്ക് ബസ് സർവീസ് നടത്തുന്നത്. രാത്രികാല യാത്രയിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

രാത്രി ഒമ്പത് മണിക്ക് ശേഷമായിരിക്കും പിങ്ക് ബസിന്റെ സർവീസുകൾ. രാത്രി വൈകി യാത്ര ചെയ്യുന്ന സ്ത്രീകൾ, ആശുപത്രി ജീവനക്കാർ, തമ്പാനൂരിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും, രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്ന ഐ.ടി ജീവനക്കാർ എന്നിവർക്കെല്ലാം ഇത് സഹായകരമാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ.

സർവീസ് കൂടുതൽ കാര്യക്ഷമമാക്കാൻ ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്താനും, ഭാവിയിൽ ഇലക്ട്രിക് ബസുകൾ പിങ്ക് ബസുകളായി സർവീസ് നടത്താനും കെ.എസ്.ആർ.ടി.സി പദ്ധതിയിടുന്നുണ്ട്.നിലവിൽ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ച പുതിയ ലിങ്ക് ബസുകളിലൊന്നാണ് പിങ്ക് ബസ് സർവീസിനായി ഉപയോഗിക്കുന്നത്.

കേരളത്തിൽ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സംവിധാനം നടപ്പാക്കുമെന്ന് മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.