സവർക്കർ ചോദ്യാവലി വിവാദം: അധ്യാപകന്റെ സസ്പെൻഷനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി
Sep 18, 2026, 17:56 IST
സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെ ഉൾപ്പെടുത്തി ചോദ്യാവലി തയ്യാറാക്കിയതിന് നടപടി നേരിട്ട അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ഹൈക്കോടതി രണ്ട് മാസത്തേക്ക് കൂടി നീട്ടി. കാസർകോട് പള്ളത്തടുക്ക എ.യു.പി. സ്കൂളിലെ അധ്യാപകൻ കെ. ഗുരുപ്രസാദ് റായി നൽകിയ ഹർജിയിലാണ് ഉത്തരവ്. മുൻപ് അനുവദിച്ച ഒരു മാസത്തെ സ്റ്റേ കാലാവധി അവസാനിക്കാനിരിക്കെയാണ് കോടതിയുടെ തീരുമാനം.
സ്കൂൾതല സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച എൽ.പി. വിഭാഗം ക്വിസ് മത്സരത്തിൽ ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണെന്ന ചോദ്യവും, ഉത്തരമായി സവർക്കറുടെ പേരും നൽകിയതാണ് വിവാദമായത്. പ്രതിഷേധത്തെ തുടർന്ന് ഓഗസ്റ്റ് 9-ന് പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് അധ്യാപകൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.