സ്കൂൾ കലോത്സവ വേദിക്ക് താമര എന്ന് പേരിട്ടു, ഡാലിയയെ ഒഴിവാക്കി

 

തൃശൂരിൽ നടക്കാനിരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവ വേദികളുടെ പേരിനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് വിരാമം. 15-ാം നമ്പർ വേദിക്ക് 'താമര' എന്ന് പേര് നൽകാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നേരത്തെ ഈ വേദിക്ക് 'ഡാലിയ' എന്നായിരുന്നു പേര് നൽകിയിരുന്നത്. പൂക്കളുടെ പേരുകൾ നൽകിയപ്പോൾ ദേശീയ പുഷ്പമായ താമരയെ മനഃപൂർവം ഒഴിവാക്കിയെന്ന് ആരോപിച്ച് യുവമോർച്ച പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സർക്കാർ തീരുമാനം മാറ്റിയത്.

കലോത്സവം എല്ലാവരുമായി സഹകരിച്ച് ഭംഗിയായി നടത്താനാണ് ആഗ്രഹിക്കുന്നതെന്നും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് താമര എന്ന പേര് ഉൾപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി. 25 വേദികൾക്കും പൂക്കളുടെ പേര് നൽകിയപ്പോൾ താമര ഒഴിവാക്കിയത് ബിജെപിയുടെ ചിഹ്നമായതിനാലാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി വിശദീകരിച്ചിരുന്നു. ഇതിനെതിരെ താമര പൂക്കളുമായി യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.

ജനുവരി 14 മുതൽ 18 വരെ തൃശൂരിലാണ് 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത്. സൂര്യകാന്തി, നീലക്കുറിഞ്ഞി, പാരിജാതം തുടങ്ങി 25 പൂക്കളുടെ പേരുകളാണ് വിവിധ വേദികൾക്കായി നിശ്ചയിച്ചിട്ടുള്ളത്. കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും വ്യാപാരികളുമായും വളണ്ടിയർമാരുമായും യോഗം ചേർന്ന് ക്രമീകരണങ്ങൾ വിലയിരുത്തിയതായും മന്ത്രി അറിയിച്ചു.