മൈസൂരിൽ സ്‌കൂൾ ബസ് കയറിയിറങ്ങി; ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

 

കർണാടകയിലെ മൈസൂരിൽ സ്‌കൂൾ ബസ് കയറിയിറങ്ങി ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. ഒരു വയസും ഏഴ് മാസവും പ്രായമുള്ള ലതിക്ഷയാണ് മരിച്ചത്.സ്കൂൾ ബസിൽ വരുന്ന നാലു വയസ്സുള്ള മൂത്ത സഹോദരനെ കൂട്ടിക്കൊണ്ടുവരാനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു ലതിക്‌ഷ. അമ്മ കുഞ്ഞിനെ ബസിൽ നിന്ന് താഴെയിറക്കുന്നതിനിടെ വാഹനം പെട്ടെന്ന് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം. തുടർന്ന് തൊട്ടടുത്ത് നിൽക്കുകയായിരുന്ന ലതിക്‌ഷയുടെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു.

കുട്ടി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സംഭവത്തിൽ ബസ് ഡ്രൈവർ സിദ്ധരാജുവിനെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു.  ഡ്രൈവർക്കെതിരെ കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.