സ്കൂൾ ഫിറ്റ്നസ് പരിശോധന: ജില്ലാതല നോഡൽ ഓഫീസർമാരെ നിയമിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയന വർഷാരംഭത്തിന് മുന്നോടിയായുള്ള ഫിറ്റ്നസ് പരിശോധനകൾ ഏകോപിപ്പിക്കുന്നതിന് ജില്ലാതല നോഡൽ ഓഫീസർമാരെ നിയമിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ആറ് വ്യത്യസ്ത വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ പരിശോധനയും സർട്ടിഫിക്കറ്റും നിർബന്ധമാക്കിയതോടെ പ്രധാനാധ്യാപകർ നേരിടുന്ന കടുത്ത പ്രതിസന്ധി പരിഗണിച്ചാണ് ഈ നീക്കം. ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിൽ കളക്ടറേറ്റ് കേന്ദ്രീകരിച്ചായിരിക്കും നോഡൽ ഓഫീസർമാരുടെ പ്രവർത്തനം.
സ്കൂളുകൾ തുറക്കുന്നതിന് മുൻപ് തദ്ദേശ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എൻജിനീയറുടെ സർട്ടിഫിക്കറ്റ് മാത്രം മതിയാകുമായിരുന്ന സ്ഥാനത്താണ് ഇത്തവണ ആറ് തലത്തിലുള്ള പരിശോധനകൾ സർക്കാർ കർശനമാക്കിയത്. മെഡിക്കൽ ഓഫീസർ, അഗ്നിരക്ഷാ സേന, വനം വകുപ്പ്, പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം, ഗതാഗത വകുപ്പ്, പൊലീസ് എന്നിവരടങ്ങുന്ന സ്കൂൾ മോണിറ്ററിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷമേ ഫിറ്റ്നസ് നൽകാവൂ എന്നാണ് ഡി.പി.ഐയുടെ ഉത്തരവ്. കഴിഞ്ഞ വർഷങ്ങളിൽ പാമ്പ് കടിയേറ്റും വൈദ്യുതാഘാതമേറ്റും വിദ്യാർത്ഥികൾ മരിച്ച സാഹചര്യത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ കടുപ്പിച്ചത്.
വിവിധ വകുപ്പുകളെ സമീപിച്ച് സർട്ടിഫിക്കറ്റ് വാങ്ങുന്നതിൽ തങ്ങൾക്ക് വ്യക്തമായ നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട് പ്രധാനാധ്യാപകരെ വലച്ചിരുന്നു. ഈ സാഹചര്യം ഒഴിവാക്കാൻ നോഡൽ ഓഫീസർമാരുടെ നേതൃത്വത്തിൽ വകുപ്പുകളെ ഏകോപിപ്പിച്ച് ജൂൺ ഒന്നിന് മുൻപ് പരിശോധനകൾ പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് പുതിയ തീരുമാനം ലക്ഷ്യമിടുന്നത്.